
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷ വിമർശനങ്ങളുമായി മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽ നിന്നും രക്ഷിക്കണമെന്നും സംഘടനയെ ‘എം.എസ്.എസ്’ (മക്കൾ സർവീസ് സൊസൈറ്റി) എന്ന നിലയിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബന്ധുക്കൾക്ക് ജോലി ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് ലീഗ് മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചത്. കോൺഗ്രസ് മന്ത്രിമാരെ ഇത്തരത്തിൽ സ്വീകരിക്കാറുണ്ടോയെന്നും ഗണേഷ് കുമാർ ചോദിച്ചു. ‘നക്കാപ്പിച്ച’ കണ്ട് നായന്മാർ വീണുപോകരുതെന്നും ഭാര്യമാർക്കും മക്കൾക്കും ജോലി നൽകി ആളുകളെ അടിമകളാക്കുകയാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.
മുസ്ലിം പണ്ഡിതനെയോ സമുദായ നേതാവിനെയോ മന്നത്ത് അനുസ്മര പരിപാടികളിൽ സംസാരിക്കാൻ ക്ഷണിക്കുമോ. ചങ്ങനാശേരിയിലെ ചന്ദനക്കുടം നേർച്ച നിർത്താൻ ഇടപെട്ടത് സുകുമാരൻ നായരാണ്. എന്നിട്ട് തനിക്ക് മുസ്ലിം സമുദായത്തോട് സ്നേഹമാണെന്ന് പറയുന്നതിന്റെ ഇരട്ടത്താപ്പ് ടിവിയിലൂടെ കാണുമ്പോൾ വ്യക്തമാകുന്നുണ്ടെന്നും പറഞ്ഞു.
മുമ്പ് അമൃതാനന്ദമയിയമ്മയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വ്യക്തിയാണ് സുകുമാരൻ നായർ. അതേ അമ്മയുടെ കോളേജിലാണ് അദ്ദേഹത്തിന്റെ കൊച്ചുമകൻ എം.ടെക് പഠിക്കുന്നത്. പഠനം കഴിഞ്ഞാൽ പാലക്കാട് എൻജിനീയറിങ് കോളേജിൽ ജോലി ലഭിക്കുമെന്നും ആരോപിച്ചു. ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാന് സമാനമാണ് സുകുമാരൻ നായരെന്നും ഗണേഷ് ആരോപിച്ചു. എൻ.എസ്.എസിലെ പല താലൂക്ക് യൂണിയൻ സെക്രട്ടറിമാരുടെയും അവസ്ഥ ആ സിനിമയിലെ ഹരിശ്രീ അശോകന്റെ കഥാപാത്രത്തെപ്പോലെയാണെന്നും പരിഹസിച്ചു.




