
പോലീസ് ചമഞ്ഞെത്തിയ മൂന്നംഗ സംഘം പതിനേഴുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സൗത്ത് ഡൽഹിയിലെ കൽകാജിയിൽ ക്ഷേത്രത്തിനു സമീപമുള്ള പാർക്കിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ക്ഷേത്രദർശനത്തിനു ശേഷം ആൺസുഹൃത്തിനൊപ്പം പാർക്കിലിരിക്കെയാണ് ക്രൂരത അരങ്ങേറിയതെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞു. പിന്നാലെ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പാർക്കിലിരിക്കവേ മൂന്നംഗ സംഘം പോലീസ് ആണെന്നു പറഞ്ഞ് ഇരുവർക്കും അടുത്തെത്തി. തുടർന്ന് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. തോക്കും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിപ്പോർട്ട്.
എട്ടേമുക്കാലോടെ സ്റ്റേഷനിലേക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തിയപ്പോഴാണ് ആക്രമണം പുറത്തറിയുന്നത്. പൊലീസ് ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലേക്കു മാറ്റി മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഒഖ്‍ല മന്തി സ്വദേശിയായ ആസിഫ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പിടികൂടാൻ എത്തിയപ്പോൾ പൊലീസിനു നേരെ മൂന്നു തവണ വെടിയുതിർത്തെങ്കിലും പ്രതിയുടെ വലതു കാലിൽ വെടിവച്ച് പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. മറ്റു രണ്ടു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പ്രതികളിലേക്ക് എത്തുന്നതിനായി പാർക്കിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

